നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. ഒരുകറുത്ത കരിമ്പടം വാരിപ്പുതച്ച് കൊണ്ടയാൾ അങ്ങോട്ടേയ്ക്ക് വന്നു. കുറേ നാളായി ലക്ഷ്യമില്ലാതെ അലയുന്നു. തണുപ്പുകൊണ്ടോ മറ്റോ അയാൾ പുതപ്പ് തലയിലൂടെ മൂടി വഴിയരികിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ദ്രവിച്ച തൂണിൽ തല ചായ്ച്ചിരുന്നു. ഇപ്പോൾ നെറ്റിയിലേക്ക് അലക്ഷ്യമായി വീണുകിടക്കുന്ന അയാളുടെ നരച്ചമുടിയിഴകളും കണ്ണും മാത്രമേ പുതപ്പിനടയിലൂടെ കാണാനാകൂ. ഇരുൾമൂടിയ യാമത്തിൽ അയാൾക്ക് കൂട്ട് ചീവീടുകളുടെ നിലക്കാത്ത നിലവിളിയായിരുന്നു. തളർന്ന കണ്ണുകളെ ഒന്നടയാൻ പോലും സമ്മതിക്കാതെ നിരന്തരം ശല്യപ്പെടുത്തുന്ന അവയോട് പക്ഷെ അയാൾക്ക് പരിഭവമൊന്നും തോന്നിയില്ല. എന്നാൽ ഇടയ്ക്കിടെ ഉയരുന്ന നായ്ക്കളുടെ ശബ്ദം അയാളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പാതിരാത്രിയിൽ , ഒറ്റക്കിരിക്കുമ്പോൾ ആർക്കാണ് അതിഷ്ടപ്പെടുക.
അയാൾ പതിയെ എഴുന്നേറ്റു. ഒരേയിരിപ്പിരുന്നിട്ടാവാം ശരീരം നിവർത്താൻ അയാൾ പാടുപെട്ടു. അമാവാസിയാണ്, ആത്മാക്കൾ സ്വാതന്ത്രരാവുന്ന രാവ്.വീണ്ടും നായ്ക്കളുടെ ശബ്ദം, അയാൾ അലോസരപ്പെട്ടു തല കുടഞ്ഞു.ഒരുപക്ഷെ ഭയം തോന്നിയിട്ടാവുമോ?. ഒറ്റയ്ക്ക് വിജനമായ സ്ഥലത്ത്, അതും രാത്രിയിൽ ആർക്കാണ് ഭയം ഇല്ലാത്തത്.
"എന്തിനാണ് രാത്രിക്ക് ഇത്രയിരുട്ട്?. "
അയാൾ സ്വയം ചോദിച്ചു. "ചിന്തകൾ കൈവിട്ടുപോയപ്പോൾ മനസ്സിനെ തിരികെ വിളിച്ചു. കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം അയാളുടെ ആത്മഗതത്തെ നിയന്ത്രിച്ചു. ഭയത്തോടെ ചെവിവട്ടംപിടിച്ചു,' ഉണ്ട് ശബ്ദം കേൾക്കുന്നുണ്ട്. ഒരു കൊലുസിന്റെ ശബ്ദം പോലെ. അയാൾ വീണ്ടും ശ്രദ്ധിച്ചു. ചീവീടുകളുടെ ശബ്ദം. അപ്പോൾപിന്നെ തോന്നിയതാവുമോ? അല്ല അവറ്റയുടെ കരച്ചിലിന് താളപ്പിഴകൾ ഉണ്ടാവാറില്ല, ഇത് മറ്റെന്തോ ആണ്. ഒന്ന് രണ്ടുതവണ അയാൾ പരിസരം നിരീക്ഷിച്ചു. ഒരു കിലുക്കം കേൾക്കുന്നുണ്ട്. കൊലുസിന്റെ മാത്രമല്ല, വളകൾ കിലുങ്ങുന്ന ശബ്ദം.
'ഇവിടെ ഇപ്പോൾ വളയും കൊലുസും അണിയുന്നത്?...
ആത്മാക്കൾ വളയിടുമോ?
അവർ വരുമ്പോൾ കൊലുസിന്റെ ശബ്ദം കേൾക്കുമോ? ... '
അയാൾ സംശയ നിവാരണത്തിനായി ഒന്ന് രണ്ടടി വെച്ചിട്ട് സ്വന്തം പാദങ്ങളിലേക്കു നോക്കി. വീണ്ടും നിശബ്ദത... അപ്പോൾ ആത്മാവാകില്ല. തിരിഞ്ഞതും അയാൾ, അറിയാതെ പിന്നോട്ട് മാറിപ്പോയി. ജ്വലിക്കുന്ന കണ്ണുകളും അടുക്കിൽ നിന്ന് വേർപെട്ട മുടിയിഴകളുമായി ഒരു സ്ത്രീ രൂപം, അയാളുടെ കരിനീലിച്ച കൺതടങ്ങൾക്കു നടുവിലെ വിളറിയ വെളുപ്പിൽ പതിഞ്ഞു.
" ആരാ ?"
അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഒരു ചിരികേട്ടു മറുപടിയായി. കുറെ നേരം നിലക്കാത്ത ചിരി.
"ആരാണെന്നാ ചോദിച്ചേ ?"
ഇത്തവണ അയാളുടെ ശബ്ദത്തിൽ അസഹിഷ്ണുതയാണ് മുറ്റി നിന്നത്. നിശബ്ദത ഇഷ്ടപ്പെടാതെ അവളുടെ ചിരിയുടെ പ്രതിധ്വനികൾ വീണ്ടും വീണ്ടും ഉയർന്ന് ദുർബലരായവസാനിച്ചു.
"ഞാൻ ഒരാത്മാവാണ്. അതല്ലേ നിനക്കറിയേണ്ടത് ."
"ആത്മാവോ ?"
അയാളുടെ ശബ്ദത്തിൽ എന്താണെന്ന് വേർതിരിച്ചറിയാനായില്ല.
"നീണ്ട രാത്രികളിൽ ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവൾ."
അവൾ അയാളുടെ നേരെ ചീറി. വിളറിയ നീലവെളിച്ചം കറുത്ത ഇരുട്ടിൽ ചെറുതായി കലർന്നു. അയാൾ കണ്ടു തന്റെ നേരെ പല്ലിളിച്ചു നിൽക്കുന്ന
പെൺകുട്ടിയെ.
"എന്തിനാ... ഇവിടെ ?"
അയാൾ വീണ്ടും ചോദ്യമുന്നയിച്ചു.ഇത്തവണ അയാൾ നന്നായി ഭയപ്പെട്ട പോലെ തോന്നി.
"ഇവിടെയെത്തുന്ന ഓരോരുത്തരും എനിക്കുള്ളതാണ്. ഇന്ന് നീയും. "
"ഞാനോ?"
" നിങ്ങൾക്കെവിടെയും പോകാം, ഞങ്ങൾക്ക് പറ്റില്ല . നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷെ ഞങ്ങൾ ചെയ്യാൻ പാടില്ല, കരഞ്ഞുപറഞ്ഞതാണ് ഞാൻ,
ആരും കേട്ടില്ല അവരെന്നെ കൊന്നു. ഇവിടെയിട്ട് രാത്രിയുടെ മറവിൽ. അത്കൊണ്ട് ഇനിയവരാരും ജീവനോടെയുണ്ടാകാൻ പാടില്ല "
"അതിനു ഞാൻ എന്ത് ചെയ്തു ? "
അയാൾ ഒന്നുരണ്ടടികൂടി പിന്നിലേക്ക് മാറി.
"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവളാണ് ഞാൻ. എനിക്ക് മുൻപിൽ എല്ലാമനുഷ്യർക്കും ഒരുമുഖമാണ്. "
പറഞ്ഞതും അവൾ ഇരുകൈകളും വായുവിൽ നീട്ടികൊണ്ടയാൾക്കു നേരെ പാഞ്ഞടുത്തു. പിന്നോട്ടുമാറിയ അയാൾ വീണുപോയി. നിലത്തുനിന്നും
മുഖമുയർത്തുമ്പോഴേക്കും അവളുടെ പൊട്ടിച്ചിരി കേട്ടു, നിലക്കാത്ത ചിരി. ഇത്തവണ പക്ഷെ അവൾ മുഖം പൊത്തിച്ചിരിക്കുകയാണ്. അയാൾ
അവിശ്യാസത്തോടെയോ അത്ഭുതത്തോടെയോ അത് നോക്കികൊണ്ടിരുന്നു.
"സോറി അങ്കിൾ, ഞാൻ വെറുതെ തമാശക്ക് ... " അവൾ കൈ അയാൾക്ക് നേരെ നീട്ടി.അവളുടെ സഹായം സ്വീകരിക്കാതെ അനിഷ്ടത്തോടെയെന്നവണ്ണം അയാൾ സ്വയം എണീറ്റു.
"നീ?..."
"എന്റെ പേര് ശീതൾ. ഞാൻ എന്റെ ഫ്രണ്ടിനെ കാത്തുനിൽക്കുകയാ. അപ്പോഴാ അങ്കിളിനെ കണ്ടേ, സോറി ഞാൻ വെറുതെ തമാശക്ക്. "
"സാരമില്ല , ഒരു ഒളിച്ചോട്ടമാണല്ലേ ?"
"അതെ അങ്കിളിനെങ്ങനെ മനസ്സിലായി.?"
"ഇത്തരമൊരു രാത്രിയിൽ ഒരുപെൺകുട്ടി തനിച്ചിറങ്ങിവരണമെങ്കിൽ കാരണം വേറൊന്നാവില്ലല്ലോ "
അവൾ ചെറിയൊരു ജാള്യത്തോടെ തല കുനിച്ചു.
"പക്ഷെ അതിനാത്മാവിനെ കൂട്ടുപിടിക്കണമായിരുന്നോ? " അയാൾ ശീതളിനോട് ചോദിച്ചു.
"ഞാൻ വെറുതെ... " ഒന്ന് പരുങ്ങിയിട്ടു തുടർന്നു. "അല്ലെങ്കിലും ഈ കാലത്ത് ആത്മാവെന്നും പ്രേതമെന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?
വെറും തട്ടിപ്പല്ലേ. മനുഷ്യന് ജീവിക്കാൻ ഭൂമി മതിയാവുന്നില്ല, പിന്നല്ലേ ആത്മാക്കൾക്ക്. "
"നിനക്ക് തെറ്റി, ആത്മാക്കൾക്ക് ഭൂമിയിൽ വിഹിതത്തിന്റെ ആവശ്യമില്ല, ശരീരമില്ലാത്തവർക്ക് സ്ഥലത്തിന്റെ ആവശ്യമുണ്ടോ? നിനക്കറിയുമോ
ഗതികിട്ടാത്ത ആത്മാക്കൾ, അവരുടെ രാത്രിയാണിന്ന്. നീ പറഞ്ഞപോലെ പാതിവഴിക്കിട്ടുപോയ സഫലീകരിക്കാത്ത ആഗ്രഹങ്ങൾ മനസ്സിലിട്ട് അവർ
മടങ്ങിവരും. "
പക്ഷെ അയാൾ അവളെ തിരുത്തി
"ആത്മാക്കൾക്ക് വേറെ പണിയില്ലേ, അലഞ്ഞു തിരിഞ്ഞു നടക്കാൻ. ഈ ആത്മാവെന്നുള്ളതൊക്കെ വെറുതെയാ, സൈന്റിഫികലി ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലാ"
അവൾ പുഞ്ചിരിയോടെ അയാളെ നേരിട്ടു. പക്ഷെ അയാൾ വീണ്ടും തുടർന്നു.
"തമാശക്ക് പറഞ്ഞു തീർക്കാനുള്ള കാരണമല്ല ആത്മാക്കൾ. അവരുടെ വേദനയെന്തെന്നു നിനക്കറിയുമോ?. ഈ പ്രപഞ്ചാവസാനത്തോളം തീയായി
എരിയാൻ വിധിക്കപ്പെട്ടവർ. ആഗ്രഹങ്ങൾ ഓരോന്നായി വെറുപ്പിന്റെ തീച്ചൂളയിൽ കത്തിയമരുമ്പോൾ നിസ്സഹായരായി വെന്തുപോകുന്നവർ.
പകപോക്കാൻ കാലങ്ങളെണ്ണി കാത്തിരിക്കുന്നവർ. "
ഒന്ന് നിർത്തിയിട്ട് അയാൾ അവളെ തന്നെ നോക്കി വീണ്ടും തുടർന്നു.
"ആരാണ് ഗതികിട്ടാതെ അലയുന്നതെന്ന് നിനക്കറിയാമോ?. സ്വന്തം സുഖംതേടിയലയുമ്പോൾ മനുഷ്യർ കാണാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്.
അത്തരക്കാരുടെ ഓട്ടപ്പാച്ചിലിൽ സ്വയം ബലികൊടുക്കേണ്ടിവന്നവർ, വഴിയിലെ കല്ലുകൾ പോലെ ഒഴിവാക്കപ്പെട്ടവർ ആരൊക്കെയോ തട്ടിപ്പറിച്ചെടുത്ത സ്വപ്നങ്ങളിൽ നിന്നും ഒളിച്ചോടിപ്പോന്നവർ , അതുമല്ലെങ്കിൽ പ്രതീക്ഷകളോട് പടവെട്ടി തോൽവി സമ്മതിച്ചവർ. ഒരിക്കൽ മനസ്സിൽ താലോലിച്ച ഓരോ സ്വപ്നവും പ്രതീക്ഷയും പ്രതികാരമായി മാറുമപ്പോൾ. 'പ്രതികാരത്തിന്റെ ഭാരം' അതൊഴിവാക്കുന്നതുവരെ ആത്മാക്കൾക്ക് മോചനമില്ല. "
"അങ്കിളിന്റെ സംസാരം കേട്ടാൽ തോന്നും നമ്മളെന്തോ ചെയ്തിട്ടാണ് ആത്മാക്കൾ ഇങ്ങനെ അലയുന്നതെന്ന്."
ശീതളിന്റെ ചോദ്യത്തിന് നേരെ അയാൾ പുറംതിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു . "ശരിയാണ്, നിങ്ങൾ മനുഷ്യരാണ് ഞങ്ങളുടെ വേദനക്ക് കാരണം."
ഒരുനിമിഷം അവൾ ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു . "അങ്കിളെന്താ പറഞ്ഞെ? "
മറുഭാഗത്തുനിന്ന് ഒന്ന് രണ്ടു നിമിഷം മറുപടിയൊന്നുമുണ്ടായില്ല . ഇരുട്ടിൽ അയാളുടെ കറുത്ത കരിമ്പടം അലിഞ്ഞില്ലാതായതുപോലെ തോന്നി.
അതോടെ ചെറിയ പേടി അവളിൽ ആഴ്ന്നു.
"നിനക്ക് പേടി തോന്നുന്നുണ്ടോ?"
ഇത്തവണ അയാളുടെ ശബ്ദത്തിന് കനം വെച്ചപോലെ തോന്നി.
"എന്തിന്? " ഭയം മറച്ച് അവൾ തുടർന്നു. "എന്റെ തമാശ ഇത്തിരി കടന്നുപോയി എന്നറിയാം, സോറി. ഇനി അതൊരു വിഷയമാക്കണ്ട. " അവൾ പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി.
"അങ്കിൾ എന്തെങ്കിലും വാങ്ങി കഴിച്ചോളൂ."
"എന്റെ വിശപ്പടക്കാൻ ഇതുമതിയാവില്ല. "
ഒരു നിമിഷം.നിലക്കാത്ത ചിരി.പക്ഷെ ഇത്തവണ അതയാളായിരുന്നു . പറയാതെ എത്തിയ മിന്നൽപിണരിൽ അയാളുടെ രൂപം കണ്ട് അവൾ ഞെട്ടി.
കറുത്ത കരിമ്പടം താഴെ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന അയാളുടെ കാൽ പ്പാദത്തിങ്കലേക്കൂർന്നുവീണു. നരച്ച മുടിയിഴകൾ വീണു കിടന്ന
നെറ്റിയിൽ വീതിയുള്ള മുറിപ്പാട്.
നെഞ്ചിലാഴ്ന്നിറങ്ങിയ കത്തി...ഇപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു അവിടെ നിന്നും.
ഒരു നിലവിളിയോടെ അവൾ താഴെ വീണു.
"എന്നെ ഒന്നും ചെയ്യരുതേ?"
വീണ്ടും അയാളുടെ ചിരികേട്ടു.
"ഞാൻ നിങ്ങൾക്ക് ഒരുദ്രോഹവും ചെയ്തിട്ടില്ലല്ലോ? എന്നെ ഉപദ്രവിക്കരുത്."
"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു പോകേണ്ടി വന്നതാണെനിക്ക്.എന്റെ മോൾക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം ഒറ്റ നിമിഷം കൊണ്ടവൻ ഇല്ലാതാക്കി.ഇപ്പോൾ അവനെ കാത്തുനിൽക്കുന്നത് നീയല്ല ഞാനാണ്.
അവനു വേണ്ടിയുള്ള എന്റെ കാത്തിരിപ്പിൽ നിനക്കും അതെ മുഖമാണ്., ഇനി നീയും എനിക്കുള്ളതാണ്."
അവളുടെ നിലവിളി ചീവീടുകളുടെ ശബ്ദത്തിൽ അലിഞ്ഞുപോയപോലെ തോന്നി. അയാളാകട്ടെ തന്റെ അടുത്ത ഇരക്കായി കാത്തിരുന്നു.
അമാവാസി പുലരാൻ ഇനിയും സമയമുണ്ട്...
രാത്രിയിൽ മനുഷ്യനെ പേടിപ്പിക്കാനായി മനപ്പൂർവ്വം എഴുതിയത്.പരസ്പരവൈരുദ്ധ്യങ്ങൾ കഥയിൽ മുഴച്ചുനിൽക്കുന്നെങ്കിലും കഥ ഇഷ്ടമായി.
ReplyDelete(ബ്ലോഗ് ഒന്ന് പൊളിച്ചുപണിതോ?എന്തൊ ഒരു മാറ്റം പോലെ!)
അഭിപ്രായത്തിനു നന്ദി സുധി . ഇനിയെഴുതുമ്പോൾ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം
ReplyDelete"എന്തിനാണ് രാത്രിക്ക് ഇത്രയിരുട്ട്?. "
ReplyDeleteഞാനും ഇടയ്ക്കു സ്വയം ചോദിച്ചിട്ടുണ്ട്.
ഹൊറർ ഇഷ്ടമായി
:)
ഷാഹിദ് ഹൊററിന്റെ ആളാ.എന്റെ അടുത്ത പോസ്റ്റിൽ ഞാനിച്ചിരെ ഹൊററിടുന്നുണ്ട്.
Delete