പഴകി മുഷിഞ്ഞ സാരിത്തുമ്പിൽ പൊതിഞ്ഞു കൊണ്ടുവന്ന പുതിയ നോട്ടുകെട്ടുകൾ ആശുപത്രി കൗണ്ടെറിൽ ഏല്പിച്ചു ഐ സി യു വിന് നേരെ ഓടുമ്പോൾ ഒരാശ്വാസത്തിന് എന്നവണ്ണം കഴുത്തിലെ ജപാമാലയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ അഞ്ചുലക്ഷം രൂപയ്ക്ക് പകരം ലഭിച്ച രുദ്രാഷ മാലയിലാണ് കൈയുടക്കിയത്. എങ്കിലും മനസ്സുരുകി അവൾ പ്രാർഥിച്ചു, കർത്താവേ എന്റെ കുഞ്ഞിനെ കാത്തോളണേ. കുഞ്ഞിന്റെ ജീവന്റെ വിലക്ക് പകരമായി നെറ്റിയിൽ ചാർത്തിയ ചന്ദനത്തിന് മുകളിലൂടെ കുരിശുവരക്കുമ്പോൾ അന്ന് രാവിലെ മുതൽ താൻ ഹിന്ദു ആണെന്ന കാര്യം അവൾ ഓർത്തതേ ഇല്ല
മുങ്ങി നിവർന്നു കരയ്ക്ക് കയറുമ്പോൾ നനഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വെള്ളത്തിനൊപ്പം വിഷം കൂടി കലർന്നൊഴുകുന്നത് അയാൾ നിർവികാരതയോടെ നോക്കിനിന്നു
ചുറ്റും ഉയരുന്ന സ്തോത്രങ്ങൾക്കൊപ്പം കൈയിൽകിട്ടിയ പണപ്പൊതിയും നിസ്കാരതഴമ്പുള്ള നെറ്റിയിൽ വരച്ച കുരിശടയാളവുമായി തിരിഞ്ഞുനടക്കുമ്പോഴാണ് പളളിയിൽനിന്നും ബാങ്ക് വിളി ഉയരുന്നത്. ചിരപരിചിതമായതിനാലാവാം അയാൾ ദുആ ഇരന്നു , അള്ളാ അവസാനത്തെ പിടിവള്ളിയാണ്, കൈ വിടരുതേ.
അയാളുടെ നനഞ്ഞ പോക്കെറ്റിൽ നിന്നും അപ്പോഴും വിഷം പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു.
പുതുപ്പെണ്ണിന്റെ മോടിയിൽ മറ്റുള്ളവർക്ക് മുൻപിൽ ഒരു കാഴ്ച വസ്തുവായി അവൾ ഇരുന്നുകൊടുത്തു . പരിചയമില്ലാത്തതുകൊണ്ടാവം തലയിൽ ഇട്ടിരുന്ന തട്ടം ഇടയ്ക്കിടെ അനുസരണക്കേട് കാട്ടി താഴേക്കൂർന്നു. ആരുടെയൊക്കെയോ കൂർത്ത നോട്ടം ഭയന്ന് വീണ്ടും വീണ്ടും വലിച്ചിടുമ്പോൾ പേടിമാറ്റാനായി അവൾ ചുണ്ടനക്കാതെ ജപിച്ചുകോണ്ടിരുന്നു, "അർജുന, ഫൽഗുണ......"
ആരുടെയൊക്കെയോ വിശ്വാസങ്ങൾ ആരോ തീർത്ത മതങ്ങൾ അതിനെല്ലാം അപ്പുറം അവരുടെ പ്രാർത്ഥന കേൾക്കാൻ മതമില്ലാത്ത ദൈവവും...