Pages

Tuesday, January 10, 2017

സീതാലക്ഷ്മി


കോടതിമുറിയിൽ വാദം കൊഴുക്കുകയായിരുന്നു.പ്രതിക്കൂട്ടിൽ നിൽക്കുന്ന അവളെ ജഡ്ജി മോഹനവർമ്മ ആശ്ചര്യത്തോടെ നോക്കി.  എവിടെയോ കണ്ടുമറന്നപോലെ . ചിതലരിച്ച ഓർമപുസ്തകത്തിന്റെ താളുകൾ പതിയെ മറിച്ചുനോക്കിയപ്പോൾ അവളുടെ മുഖം മനസ്സിലേക്ക് വന്നു. 'അതെ ഇതവൾ തന്നെ, സീതാലക്ഷ്മി.' പുറത്തിറങ്ങിയാൽ വെട്ടാൻ വാളോങ്ങിനിന്നവരുടെ ഇടയിലൂടെ കാമുകന്റെ കൈ പിടിച്ച്  സധൈര്യം നടന്നുവന്ന പെൺകുട്ടി.അന്ന് അവളുടെ ഇഷ്ടപ്രകാരം കാമുകന്റെ കൂടെ ജീവിക്കാൻ അനുവദിച്ചുകൊണ്ട് വിധിന്യായത്തിൽ  ഒപ്പുവെച്ചത് താൻ തന്നെ ആയിരുന്നു. കാലത്തിന്റെ തമാശ, ഇപ്പോൾ വീണ്ടും, ഏതാണ്ട് പത്തുവർഷങ്ങൾക്കിപ്പുറം അതേ നിയോഗം.അതും
 ഇത്തരമൊരു കേസിൽ.വിശ്വാസം വരാതെ അയാൾ അവളെതന്നെ നോക്കി.

തലകുനിച്ചു നിൽക്കുമ്പോഴും അവളുടെ മുഖത്ത് നിർവികാരത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രെഡിയുടെ കൈപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് നടന്നുപോയത് ഇതേ കോടതിമുറിയിൽനിന്നായിരുന്നു. അന്ന് തന്റെ തീരുമാനത്തിന്മേൽ ഒപ്പുവെച്ചു  ഒന്നിച്ചു ജീവിക്കാൻ വിട്ടയാൾ തന്നെ ഇന്നും... അയാൾക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമോ? അറിയില്ല. അന്ന് അച്ഛനും അമ്മയും ഒരുപാട് ശപിച്ചിട്ടുണ്ടാവും,ഒരുപക്ഷെ അതാവാം ഇപ്പോൾ...

"നാല് വർഷം മുൻപ് പ്രണയവിവാഹം ചെയ്ത ഫ്രെഡറിക് സാമുവേൽ എന്ന യുവാവിനെ തലക്കടിച്ചും, വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്നേഹനിധിയായ സ്വന്തം ഭർത്താവിനെ... "
പ്രോസിക്യൂട്ടർ ശക്തമായിവാദം തുടരുന്നു.തുടരട്ടെ...അതെ നിർവികാരതയോടെ അവൾ ഭൂതകാലത്തേക്കു പോയി. അവിടെ മനപ്പൂർവം കുഴിച്ചുമൂടിയ ഓർമ്മകൾ ഓരോന്നായി ശവക്കുഴി തോണ്ടി പുറത്തുവന്ന് പല്ലിളിച്ചുകാണിക്കുന്നു.
'സ്നേഹനിധിയായ ഭർത്താവ്.' അറിയാതെ അവളുടെ ചുണ്ടുകൾ പുച്ഛം നിറഞ്ഞൊരു ചിരിക്കു വഴികൊടുത്തു.

"തനിക്കൊപ്പം ഇറങ്ങിവന്ന പെൺകുട്ടിയെ ബുദ്ധിമുട്ടുകൾ ഒന്നുമറിയിക്കാതെ സംരക്ഷിച്ച ഫ്രെഡറിക് ഭാര്യയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ സന്നദ്ധനായിരുന്നു. പക്ഷെ..."
അവളുടെ ചുണ്ടിലെ പുച്ഛം നിറഞ്ഞ ചിരി വീണ്ടും വലുതായി.ശരിയാണ് ഫ്രെഡി തനിക്കെല്ലാം തന്നു, ചോദിക്കാതെ തന്നെ.
കൂടെ ഒരുപാട്  ഭർത്താക്കന്മാരേയും...
രാത്രിക്കും പകലിനും കണക്കുവെച്ച്...
മണിക്കൂറുകൾ അളന്നുമുറിച്ച്‌...
എതിർത്തപ്പോൾ നീറുന്ന മുറിവുകൾ, മനസ്സിനും ശരീരത്തിനും...    

"ഒരു തെരുവ് വേശ്യയുടെ വിലപോലും..."
പ്രോസിക്യൂട്ടറുടെ നാവിൽ നിന്ന് വീണ ആ വാക്കുകേട്ട് അവൾ മെല്ലെ മുഖമുയർത്തി അയാളെ നോക്കി, ഭാവഭേദമില്ലാതെ. 'വേശ്യയെന്ന്, അയാൾ വിളിക്കട്ടെ. പണത്തിനുവേണ്ടി ശരീരം വിൽക്കുന്നവളാണ് വേശ്യ, അതേ പണത്തിന്റെ ബലത്തിൽ തനിക്കൊപ്പം അന്തിയുറങ്ങിയവരുടെ കൂട്ടത്തിൽ അയാളുമുണ്ടായിരുന്നില്ലേ. അപ്പോൾ അയാൾക്ക്‌ വിളിക്കാം വേശ്യയെന്ന്.പക്ഷെ അയാളോടും കരഞ്ഞപേക്ഷിച്ചതാണ് രക്ഷിക്കാൻ... '
അവളുടെ നോട്ടം നേരിടാതെ അയാൾ തിരിഞ്ഞു നിന്ന് വാദിക്കുന്നു.വാദിക്കാൻ ഒന്നുമില്ലാതെ നിരാശനായി തന്റെ വക്കീലിരിക്കുന്നത് അവൾക്കു കാണാമായിരുന്നു. കോടതി അനുവദിച്ച വക്കീൽ.
'പാവം'.
     അവൾക്കയാളോട് സഹതാപം തോന്നി. തനിക്കുവേണ്ടി എന്ത് വാദിക്കാൻ, വാദിച്ചാലും താൻ രക്ഷപ്പെടുമോ? ചെയ്തുകൂട്ടിയ പാപങ്ങളുടെ തടവറയിലാണ്
താൻ, ഓരോ തവണയും കണ്ണുനീരിന്റെ വേലിയേറ്റങ്ങൾ കൊണ്ട് തടവറതകർത്തുപുറത്തുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിടത്ത് നിന്നെടുത്ത
 തീരുമാനമാണിത്. അതുകൊണ്ടാണ് താനൊരു മനോരോഗിയാണെന്നുള്ള വാദം നിഷേധിച്ചത്‌. നല്ല സ്വബോധത്തോടെ തന്നെ ഞാനതു ചെയ്തു എന്ന് എല്ലാവരും
അറിയണം.

"മനപ്പൂർവ്വമുള്ള നരഹത്യ, തന്റെ വഴിവിട്ട സഞ്ചാരത്തന് തടസ്സമായ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും..."

ഒരുനിമിഷം അവളുടെ കണ്ണ് നിറഞ്ഞുപോയി, എത്രഅടക്കിപിടിച്ചിട്ടും. അതും മനപ്പൂർവ്വമായൊരുന്നോ?, ഭ്രാന്തമായ ഒരാവേശമായിരുന്നു. അയാളുടെ കൈയ്യിൽ തന്റെ മോള്, വേണ്ട പെണ്ണായിപ്പിറന്നതിന്റെ  പേരിൽ ഇനിഅവളും കണ്ണീരുകുടിക്കാൻ പാടില്ല, കൈയിൽ കിട്ടിയതെന്തെന്നുപോലുമറിയില്ലായിരുന്നു, ഉടുമുണ്ടുവാരിചുറ്റി എണീക്കുകയായിരുന്ന അയാളുടെ തലയിൽ തന്നെ ഒറ്റയടി. പലതവണ വെട്ടി, മാംസതുണ്ടുകൾ അടർന്നു വീണിട്ടും നിർത്തിയില്ല , താനൊഴുക്കിയ കണ്ണീരിനുപകരം അയാളുടെ രക്തം തറയിലേക്ക് ഒഴുകിയിറങ്ങുന്നത് നോക്കി  ആർത്തുചിരിച്ചു. എപ്പോഴോ അവൾ അമ്മേയെന്നു വിളിച്ചോ ? അറിയില്ല.  സ്വന്തം കുഞ്ഞുങ്ങളെക്കൂടി വെറുതെവിടാത്തവർക്ക്‌ മുൻപിൽ  അവളെക്കൂടി...  തീരുമാനിക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല, അവളുടെ ശുഷ്കിച്ച കഴുത്ത് തന്റെ കൈയിൽ ഒതുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
അതൊരു  തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല, തന്റെ കടമയായിരുന്നു കാത്തിരിക്കുന്ന ദുരിതക്കയത്തിൽ നിന്ന് അവളെ രക്ഷിക്കയെന്നത്. 

"കരുതികൂട്ടി സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും ഇല്ലായ്മ ചെയ്ത പ്രതി സ്ത്രീ എന്ന പദത്തിന് പോലും അർഹയല്ല. ആയതിനാൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷതന്നെ നൽകണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു."  വാദം പൂർത്തിയാക്കി പ്രോസിക്യൂട്ടർ സ്വന്തം ഇരിപ്പിടത്തിലെത്തി . 
"പ്രതിക്കെന്തെകിലും പറയാനുണ്ടോ?"
ജഡ്ജിയുടെ ചോദ്യം അവളെ വീണ്ടും കോടതിമുറിയിലേക്ക് തിരികെ എത്തിച്ചു.
"ഒരമ്മയെന്ന നിലയിൽ ഞാനെന്റെ കടമ ചയ്തു."
 അവളുടെ മുഖത്ത് വീണ്ടും പഴയ പുച്ഛഭാവം പ്രത്യക്ഷമായി. അവളെ അമ്പരപ്പോടെ ഒന്ന് നോക്കിയിട്ട് മോഹനവർമ്മ വിധി പ്രസ്താവിച്ചു.
"പ്രതി കുറ്റം ചെയ്തു എന്ന് സശയലേശമന്യേ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സ്വന്തം താല്പര്യങ്ങൾക്ക് തടസമായി നിന്ന ഭർത്താവിനെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിൽ തുടരുന്നത് തെറ്റായ സന്ദേശം പകരും . മാത്രമല്ല തന്റെ പ്രവർത്തിയിൽ യാതൊരുവിധ പശ്ചാത്തപവുമില്ലാത്ത പ്രതി സ്ത്രീ എന്ന പരിഗണന അർഹിക്കുന്നില്ല. ആയതുകൊണ്ട് പ്രതിയെ മരണംവരെ തൂക്കിലേറ്റാൻ ഈ കോടതി വിധിക്കുന്നു."
അയാൾ വീണ്ടുമൊരിക്കൽകൂടി അവളുടെ ജീവിതത്തിന്റെ വിധിന്യായത്തിൽ ഒപ്പുവെച്ചു. അവളാകട്ടെ അനിർവചനീയമായ ഒരുതരം ആത്മനിർവൃതിയോടെ തന്നെ കല്ലെറിയാൻ കാത്തുനിന്ന ജനക്കൂട്ടത്തിന് മുൻപിലേക്ക് കൈവിലങ്ങുകളുമായി ഇറങ്ങിച്ചെന്നു. സ്വന്തം കടമ നിറവേറ്റിയെന്ന അഭിമാനത്തോടെ...      

Friday, November 4, 2016

കാഴ്ച

      'കാഴ്ചക്ക് ഒരു മങ്ങലുണ്ടോ?'

.എന്റെ കണ്ണിന്റെ കാര്യമായിരുന്നു എങ്കിലും  സംശയം എനിക്കായിരുന്നില്ല, എന്റെ ചുറ്റുമുള്ളവർക്കായിരുന്നു.അവരുടെ സംശയം ദൂരീകരിക്കാനായാണ് ഞാൻ കാഴ്ചപരിശോധിച്ചത്‌, കാരണം എനിക്കുറപ്പുണ്ടായിരുന്നു എന്റെ കണ്ണുകൾ കാണുന്നതാണ് സത്യമെന്ന്. പക്ഷെ  സംഭവിച്ചത് മറ്റൊന്നായിരുന്നു. എന്റെ കണ്ണുകൾക്ക് മുകളിൽ വലിയൊരു കണ്ണടവെച്ചുതന്നു ഡോക്ടർ. ചെവിക്കുപിന്നിലേക്ക് നീണ്ടിരിക്കുന്ന അതിന്റെ  നീളൻകാലുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി .ഇത്രനാൾ ഇതില്ലാതെ ഞാൻ എങ്ങനെ ജീവിച്ചു
എന്ന ഭാവമായിരുന്നു അപ്പോഴയാളുടെ മുഖത്ത്.

ഞാൻ കണ്ടതെല്ലാം തെളിഞ്ഞ കണ്ണടക്കുള്ളിലൂടെ ഒന്നുകൂടി നോക്കികണ്ടു. 'ശരിയാണ്'. ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. എനിക്കല്പം അകലെ നിന്ന പനിനീർ പൂക്കൾ, ഇന്നലെ ഞാനതിനെ കണ്ടപ്പോൾ അതിന്റെ വലിപ്പത്തെ കുറിച്ച്  അതിശയിച്ചിരുന്നു പക്ഷെ ഇപ്പോൾ മനസ്സിലായി, അതൊരുപൂവല്ല നാലുപൂക്കൾ ഒരുമിച്ചു വിരിഞ്ഞുനിൽക്കുന്നതാണ്.  അവതമ്മിലുള്ള വിടവ് എന്റെ കണ്ണുകൾ കണ്ടുപിടിച്ചില്ല പക്ഷെ എന്റെ കണ്ണട കണ്ടുപിടിച്ചു.

ദൂരെ മലനിരകൾ പച്ചയും നീലയുമെന്നു വേർതിരിച്ചറിയാനാവാതെ പരന്നു കിടക്കുകയായിരുന്നു ഇന്നലെവരെ, പക്ഷെ കടുത്ത പച്ചനിറം നേർത്ത് നേർത്ത്
മുകളിലേക്കുപോയി ആകാശവുമായി അതിരിടുന്നത് കണ്ണട എനിക്ക് കാണിച്ചുതന്നു. ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു മതിൽ ഇന്നുമുന്നിൽ
ഉയർന്നുവന്നപോലെ.

 ആകാശത്തിലൂടെ പറന്നുപോവുന്ന പറവകളെ ഞാൻ നോക്കി, ഒരു പട്ടം പോലെ പറന്നുപൊക്കോണ്ടിരുന്ന അവറ്റകളെ എനിക്ക് വ്യക്തമായി കാണാം, വിടർത്തിയ ചിറകുകൾ, കാൽനകത്താൽ ഇറുക്കിപ്പിടിച്ചിരിക്കുന്ന അന്നത്തെ അതിന്റെ  ഇരയേയും ഞാൻ കണ്ടു.
'ഇതാവുമോ പ്രാപ്പിടിയൻ?'
ഇന്നലെ വരെ  എല്ലാ പക്ഷികളും എനിക്കൊരുപോലെയായിരുന്നു. അപ്പോൾ അവർ പറഞ്ഞത് ശരിയാണ് എന്റെ കാഴ്ചയ്ക്ക് തകരാറുണ്ടായിരുന്നു. നന്നായി. ഞാനത് കണ്ടുപിടിച്ചില്ല എങ്കിലും അവരതുകണ്ടുപിടിച്ചല്ലോ. ഇങ്ങനെ കുറച്ച് സുഹൃത്തുക്കളെ കിട്ടിയത് ഭാഗ്യം.

ഇത്രനാൾ കണ്ട കാഴ്ചകൾ എല്ലാം മങ്ങിയതായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ കണ്ണിനുമീതെ കണ്ണട സ്ഥിരമായി സ്ഥാനംപിടിക്കട്ടെ, ഇനിയൊന്നും അവ്യക്തമാവാതിരിക്കട്ടെ. വ്യക്തമായി എനിക്കവരുടെ മുഖം കാണണം. അതുകൊണ്ടുകൂടിയാണ് കണ്ണടധരിച്ചുകൊണ്ടവർക്കു മുൻപിലേക്ക്  പോയത്.

പക്ഷെ...

ഇന്നലെ വരെ ഞാൻ കണ്ട പുഞ്ചിരികൾ...

 അതെല്ലാം ചുണ്ടുകൾ കൊണ്ടുള്ള വെറും ഗോഷ്ടിമാത്രമായിരുന്നോ? വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചിരിക്കുന്ന പല്ലുകൾ ഞാൻ കണ്ടു.സൗഹൃദത്തിന്റെ മുഖംമൂടിക്കു പിന്നിൽ ശത്രുതയുടെ മുഖമൊളിച്ചിരിക്കുന്നതും കണ്ടു. അപ്പോൾ അതായിരുന്നു ഇത്രനാൾ ഞാൻ സത്യമെന്ന് കരുതിയ കാഴ്ചകൾ.

നിറഞ്ഞ കണ്ണുകളോടെ കണ്ണാടിക്കുമുന്പിൽ നിന്ന് ഞാനും ചിരിച്ചുനോക്കി. ഇപ്പോൾ എനിക്ക് വ്യക്തമായിക്കാണാം വക്രിച്ചുപിടിച്ചിരിക്കുന്ന ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന എന്റെതന്നെ പല്ലുകളെയും മുഖത്തോടുചേർത്തുകെട്ടിയിരിക്കുന്ന മുഖംമൂടിയുടെ അരികുകളെയും.

  അപ്പോൾ ഞാനും ? ...

തെളിഞ്ഞക്കണ്ണടച്ചിലിന്റെ ഭാരം മൂക്കിന് താങ്ങാവുന്നതേയുള്ളൂ, കാഴ്ചകളുടെ നിറം പക്ഷെ മനസ്സിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.
മങ്ങിയ കാഴ്ചകളെ അറിയാതെ തിരിച്ചുവിളിച്ചുപോയി    ഞാൻ.

Monday, October 3, 2016

അമാവാസി പുലരുമ്പോൾ?



       നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. ഒരുകറുത്ത കരിമ്പടം വാരിപ്പുതച്ച്‌ കൊണ്ടയാൾ അങ്ങോട്ടേയ്ക്ക് വന്നു. കുറേ നാളായി ലക്ഷ്യമില്ലാതെ അലയുന്നു. തണുപ്പുകൊണ്ടോ മറ്റോ അയാൾ പുതപ്പ് തലയിലൂടെ മൂടി വഴിയരികിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ദ്രവിച്ച തൂണിൽ തല ചായ്ച്ചിരുന്നു. ഇപ്പോൾ നെറ്റിയിലേക്ക് അലക്ഷ്യമായി വീണുകിടക്കുന്ന അയാളുടെ നരച്ചമുടിയിഴകളും കണ്ണും മാത്രമേ പുതപ്പിനടയിലൂടെ കാണാനാകൂ. ഇരുൾമൂടിയ യാമത്തിൽ അയാൾക്ക്    കൂട്ട് ചീവീടുകളുടെ നിലക്കാത്ത നിലവിളിയായിരുന്നു. തളർന്ന കണ്ണുകളെ ഒന്നടയാൻ പോലും സമ്മതിക്കാതെ നിരന്തരം ശല്യപ്പെടുത്തുന്ന അവയോട് പക്ഷെ അയാൾക്ക് പരിഭവമൊന്നും തോന്നിയില്ല. എന്നാൽ ഇടയ്ക്കിടെ ഉയരുന്ന നായ്ക്കളുടെ ശബ്ദം അയാളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പാതിരാത്രിയിൽ , ഒറ്റക്കിരിക്കുമ്പോൾ ആർക്കാണ് അതിഷ്ടപ്പെടുക.

    അയാൾ പതിയെ എഴുന്നേറ്റു. ഒരേയിരിപ്പിരുന്നിട്ടാവാം ശരീരം നിവർത്താൻ അയാൾ പാടുപെട്ടു. അമാവാസിയാണ്, ആത്മാക്കൾ സ്വാതന്ത്രരാവുന്ന രാവ്.വീണ്ടും നായ്ക്കളുടെ ശബ്ദം, അയാൾ അലോസരപ്പെട്ടു തല കുടഞ്ഞു.ഒരുപക്ഷെ ഭയം തോന്നിയിട്ടാവുമോ?. ഒറ്റയ്ക്ക് വിജനമായ സ്ഥലത്ത്, അതും രാത്രിയിൽ ആർക്കാണ് ഭയം ഇല്ലാത്തത്.

                  "എന്തിനാണ് രാത്രിക്ക് ഇത്രയിരുട്ട്?. "

അയാൾ സ്വയം ചോദിച്ചു. "ചിന്തകൾ  കൈവിട്ടുപോയപ്പോൾ മനസ്സിനെ തിരികെ വിളിച്ചു. കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം അയാളുടെ ആത്മഗതത്തെ നിയന്ത്രിച്ചു. ഭയത്തോടെ ചെവിവട്ടംപിടിച്ചു,' ഉണ്ട് ശബ്ദം കേൾക്കുന്നുണ്ട്.  ഒരു കൊലുസിന്റെ ശബ്ദം പോലെ. അയാൾ വീണ്ടും ശ്രദ്ധിച്ചു. ചീവീടുകളുടെ ശബ്ദം. അപ്പോൾപിന്നെ തോന്നിയതാവുമോ? അല്ല അവറ്റയുടെ  കരച്ചിലിന് താളപ്പിഴകൾ ഉണ്ടാവാറില്ല, ഇത് മറ്റെന്തോ ആണ്. ഒന്ന് രണ്ടുതവണ അയാൾ പരിസരം നിരീക്ഷിച്ചു. ഒരു കിലുക്കം കേൾക്കുന്നുണ്ട്. കൊലുസിന്റെ മാത്രമല്ല, വളകൾ കിലുങ്ങുന്ന ശബ്ദം.

'ഇവിടെ ഇപ്പോൾ വളയും കൊലുസും അണിയുന്നത്?...

 ആത്മാക്കൾ വളയിടുമോ?
അവർ വരുമ്പോൾ കൊലുസിന്റെ ശബ്ദം കേൾക്കുമോ? ...  '

അയാൾ സംശയ നിവാരണത്തിനായി ഒന്ന് രണ്ടടി  വെച്ചിട്ട് സ്വന്തം പാദങ്ങളിലേക്കു നോക്കി. വീണ്ടും നിശബ്ദത... അപ്പോൾ ആത്മാവാകില്ല. തിരിഞ്ഞതും അയാൾ, അറിയാതെ പിന്നോട്ട് മാറിപ്പോയി. ജ്വലിക്കുന്ന കണ്ണുകളും അടുക്കിൽ നിന്ന്  വേർപെട്ട മുടിയിഴകളുമായി ഒരു സ്ത്രീ രൂപം, അയാളുടെ കരിനീലിച്ച കൺതടങ്ങൾക്കു   നടുവിലെ വിളറിയ വെളുപ്പിൽ പതിഞ്ഞു.

" ആരാ ?"

 അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഒരു ചിരികേട്ടു മറുപടിയായി. കുറെ നേരം നിലക്കാത്ത ചിരി.

"ആരാണെന്നാ ചോദിച്ചേ ?"

 ഇത്തവണ അയാളുടെ ശബ്ദത്തിൽ അസഹിഷ്ണുതയാണ് മുറ്റി  നിന്നത്. നിശബ്ദത ഇഷ്ടപ്പെടാതെ അവളുടെ ചിരിയുടെ പ്രതിധ്വനികൾ വീണ്ടും വീണ്ടും ഉയർന്ന്‌ ദുർബലരായവസാനിച്ചു.

"ഞാൻ ഒരാത്മാവാണ്.  അതല്ലേ നിനക്കറിയേണ്ടത് ."

"ആത്മാവോ ?"


അയാളുടെ ശബ്ദത്തിൽ എന്താണെന്ന് വേർതിരിച്ചറിയാനായില്ല.

"നീണ്ട രാത്രികളിൽ ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവൾ."
അവൾ അയാളുടെ നേരെ ചീറി. വിളറിയ നീലവെളിച്ചം കറുത്ത ഇരുട്ടിൽ ചെറുതായി കലർന്നു. അയാൾ കണ്ടു തന്റെ നേരെ പല്ലിളിച്ചു നിൽക്കുന്ന
പെൺകുട്ടിയെ.

"എന്തിനാ...  ഇവിടെ ?"

അയാൾ വീണ്ടും ചോദ്യമുന്നയിച്ചു.ഇത്തവണ അയാൾ നന്നായി ഭയപ്പെട്ട പോലെ തോന്നി.

"ഇവിടെയെത്തുന്ന ഓരോരുത്തരും എനിക്കുള്ളതാണ്. ഇന്ന് നീയും. "

"ഞാനോ?"

" നിങ്ങൾക്കെവിടെയും പോകാം, ഞങ്ങൾക്ക് പറ്റില്ല . നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷെ ഞങ്ങൾ ചെയ്യാൻ പാടില്ല,    കരഞ്ഞുപറഞ്ഞതാണ്  ഞാൻ,
ആരും കേട്ടില്ല  അവരെന്നെ കൊന്നു. ഇവിടെയിട്ട് രാത്രിയുടെ  മറവിൽ. അത്‌കൊണ്ട് ഇനിയവരാരും ജീവനോടെയുണ്ടാകാൻ പാടില്ല "

"അതിനു ഞാൻ എന്ത് ചെയ്തു ? "

 അയാൾ ഒന്നുരണ്ടടികൂടി പിന്നിലേക്ക് മാറി.

"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു ഗതികിട്ടാതെ അലയാൻ വിധിക്കപ്പെട്ടവളാണ് ഞാൻ.  എനിക്ക് മുൻപിൽ എല്ലാമനുഷ്യർക്കും ഒരുമുഖമാണ്. "

പറഞ്ഞതും അവൾ ഇരുകൈകളും വായുവിൽ നീട്ടികൊണ്ടയാൾക്കു നേരെ പാഞ്ഞടുത്തു. പിന്നോട്ടുമാറിയ അയാൾ വീണുപോയി. നിലത്തുനിന്നും
മുഖമുയർത്തുമ്പോഴേക്കും അവളുടെ പൊട്ടിച്ചിരി കേട്ടു, നിലക്കാത്ത ചിരി. ഇത്തവണ പക്ഷെ അവൾ മുഖം പൊത്തിച്ചിരിക്കുകയാണ്. അയാൾ
അവിശ്യാസത്തോടെയോ അത്ഭുതത്തോടെയോ അത് നോക്കികൊണ്ടിരുന്നു.

"സോറി അങ്കിൾ, ഞാൻ വെറുതെ തമാശക്ക് ... "   അവൾ കൈ അയാൾക്ക്  നേരെ നീട്ടി.അവളുടെ സഹായം സ്വീകരിക്കാതെ അനിഷ്ടത്തോടെയെന്നവണ്ണം അയാൾ  സ്വയം എണീറ്റു.

"നീ?..."

"എന്റെ പേര് ശീതൾ. ഞാൻ എന്റെ ഫ്രണ്ടിനെ കാത്തുനിൽക്കുകയാ. അപ്പോഴാ അങ്കിളിനെ കണ്ടേ, സോറി ഞാൻ വെറുതെ തമാശക്ക്.  "

"സാരമില്ല , ഒരു ഒളിച്ചോട്ടമാണല്ലേ ?"

"അതെ അങ്കിളിനെങ്ങനെ മനസ്സിലായി.?"

"ഇത്തരമൊരു  രാത്രിയിൽ ഒരുപെൺകുട്ടി തനിച്ചിറങ്ങിവരണമെങ്കിൽ കാരണം വേറൊന്നാവില്ലല്ലോ "

അവൾ ചെറിയൊരു ജാള്യത്തോടെ തല കുനിച്ചു.

"പക്ഷെ അതിനാത്മാവിനെ കൂട്ടുപിടിക്കണമായിരുന്നോ? " അയാൾ ശീതളിനോട് ചോദിച്ചു.

"ഞാൻ വെറുതെ... " ഒന്ന് പരുങ്ങിയിട്ടു തുടർന്നു. "അല്ലെങ്കിലും ഈ കാലത്ത് ആത്മാവെന്നും പ്രേതമെന്നും പറഞ്ഞാൽ ആരെങ്കിലും  വിശ്വസിക്കുമോ ?
വെറും തട്ടിപ്പല്ലേ. മനുഷ്യന് ജീവിക്കാൻ ഭൂമി മതിയാവുന്നില്ല, പിന്നല്ലേ ആത്മാക്കൾക്ക്.  "
"നിനക്ക് തെറ്റി, ആത്മാക്കൾക്ക് ഭൂമിയിൽ വിഹിതത്തിന്റെ ആവശ്യമില്ല, ശരീരമില്ലാത്തവർക്ക്‌ സ്ഥലത്തിന്റെ ആവശ്യമുണ്ടോ? നിനക്കറിയുമോ
ഗതികിട്ടാത്ത ആത്മാക്കൾ, അവരുടെ രാത്രിയാണിന്ന്. നീ പറഞ്ഞപോലെ പാതിവഴിക്കിട്ടുപോയ സഫലീകരിക്കാത്ത ആഗ്രഹങ്ങൾ മനസ്സിലിട്ട് അവർ
മടങ്ങിവരും.  "

പക്ഷെ അയാൾ അവളെ തിരുത്തി

"ആത്മാക്കൾക്ക് വേറെ പണിയില്ലേ,  അലഞ്ഞു തിരിഞ്ഞു നടക്കാൻ. ഈ ആത്മാവെന്നുള്ളതൊക്കെ വെറുതെയാ, സൈന്റിഫികലി ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലാ"

അവൾ പുഞ്ചിരിയോടെ അയാളെ നേരിട്ടു. പക്ഷെ അയാൾ വീണ്ടും തുടർന്നു.

"തമാശക്ക് പറഞ്ഞു തീർക്കാനുള്ള കാരണമല്ല ആത്മാക്കൾ. അവരുടെ വേദനയെന്തെന്നു നിനക്കറിയുമോ?. ഈ പ്രപഞ്ചാവസാനത്തോളം തീയായി
 എരിയാൻ  വിധിക്കപ്പെട്ടവർ. ആഗ്രഹങ്ങൾ ഓരോന്നായി വെറുപ്പിന്റെ തീച്ചൂളയിൽ കത്തിയമരുമ്പോൾ നിസ്സഹായരായി വെന്തുപോകുന്നവർ.
പകപോക്കാൻ കാലങ്ങളെണ്ണി കാത്തിരിക്കുന്നവർ. "

 ഒന്ന് നിർത്തിയിട്ട് അയാൾ അവളെ തന്നെ നോക്കി വീണ്ടും തുടർന്നു.

"ആരാണ് ഗതികിട്ടാതെ അലയുന്നതെന്ന് നിനക്കറിയാമോ?.  സ്വന്തം സുഖംതേടിയലയുമ്പോൾ മനുഷ്യർ കാണാതെ പോകുന്ന ചില ജീവിതങ്ങളുണ്ട്.
അത്തരക്കാരുടെ ഓട്ടപ്പാച്ചിലിൽ സ്വയം ബലികൊടുക്കേണ്ടിവന്നവർ, വഴിയിലെ കല്ലുകൾ പോലെ ഒഴിവാക്കപ്പെട്ടവർ  ആരൊക്കെയോ തട്ടിപ്പറിച്ചെടുത്ത സ്വപ്നങ്ങളിൽ നിന്നും ഒളിച്ചോടിപ്പോന്നവർ , അതുമല്ലെങ്കിൽ പ്രതീക്ഷകളോട് പടവെട്ടി തോൽവി സമ്മതിച്ചവർ. ഒരിക്കൽ മനസ്സിൽ താലോലിച്ച ഓരോ സ്വപ്നവും പ്രതീക്ഷയും പ്രതികാരമായി മാറുമപ്പോൾ. 'പ്രതികാരത്തിന്റെ ഭാരം' അതൊഴിവാക്കുന്നതുവരെ ആത്മാക്കൾക്ക് മോചനമില്ല. "

"അങ്കിളിന്റെ സംസാരം കേട്ടാൽ തോന്നും നമ്മളെന്തോ ചെയ്തിട്ടാണ് ആത്മാക്കൾ ഇങ്ങനെ അലയുന്നതെന്ന്."

ശീതളിന്റെ ചോദ്യത്തിന് നേരെ അയാൾ പുറംതിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു . "ശരിയാണ്, നിങ്ങൾ മനുഷ്യരാണ്  ഞങ്ങളുടെ വേദനക്ക് കാരണം."

ഒരുനിമിഷം അവൾ ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു  . "അങ്കിളെന്താ പറഞ്ഞെ?  "

മറുഭാഗത്തുനിന്ന് ഒന്ന് രണ്ടു നിമിഷം മറുപടിയൊന്നുമുണ്ടായില്ല . ഇരുട്ടിൽ അയാളുടെ കറുത്ത കരിമ്പടം അലിഞ്ഞില്ലാതായതുപോലെ തോന്നി.

അതോടെ ചെറിയ പേടി അവളിൽ ആഴ്ന്നു.

"നിനക്ക് പേടി തോന്നുന്നുണ്ടോ?"

ഇത്തവണ അയാളുടെ ശബ്ദത്തിന് കനം വെച്ചപോലെ തോന്നി.

"എന്തിന്? " ഭയം മറച്ച്‌ അവൾ തുടർന്നു. "എന്റെ തമാശ ഇത്തിരി കടന്നുപോയി എന്നറിയാം, സോറി. ഇനി അതൊരു വിഷയമാക്കണ്ട. " അവൾ പേഴ്സിൽ നിന്നും  അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി. 

"അങ്കിൾ എന്തെങ്കിലും വാങ്ങി കഴിച്ചോളൂ."

"എന്റെ വിശപ്പടക്കാൻ ഇതുമതിയാവില്ല. "

ഒരു നിമിഷം.നിലക്കാത്ത ചിരി.പക്ഷെ ഇത്തവണ അതയാളായിരുന്നു . പറയാതെ എത്തിയ മിന്നൽപിണരിൽ അയാളുടെ രൂപം കണ്ട് അവൾ ഞെട്ടി.
കറുത്ത കരിമ്പടം താഴെ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന അയാളുടെ കാൽ പ്പാദത്തിങ്കലേക്കൂർന്നുവീണു. നരച്ച മുടിയിഴകൾ വീണു കിടന്ന
 നെറ്റിയിൽ വീതിയുള്ള മുറിപ്പാട്.
നെഞ്ചിലാഴ്ന്നിറങ്ങിയ കത്തി...ഇപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു അവിടെ നിന്നും.

ഒരു നിലവിളിയോടെ അവൾ താഴെ വീണു.

"എന്നെ ഒന്നും ചെയ്യരുതേ?"

വീണ്ടും അയാളുടെ ചിരികേട്ടു.

"ഞാൻ നിങ്ങൾക്ക് ഒരുദ്രോഹവും ചെയ്തിട്ടില്ലല്ലോ? എന്നെ ഉപദ്രവിക്കരുത്."

"ആഗ്രഹങ്ങൾ പകുതിയിലുപേക്ഷിച്ചു പോകേണ്ടി വന്നതാണെനിക്ക്.എന്റെ മോൾക്ക് വേണ്ടി ഞാൻ കണ്ട സ്വപ്‌നങ്ങൾ എല്ലാം ഒറ്റ നിമിഷം കൊണ്ടവൻ ഇല്ലാതാക്കി.ഇപ്പോൾ അവനെ കാത്തുനിൽക്കുന്നത് നീയല്ല ഞാനാണ്.
അവനു വേണ്ടിയുള്ള എന്റെ കാത്തിരിപ്പിൽ നിനക്കും അതെ മുഖമാണ്.,  ഇനി നീയും എനിക്കുള്ളതാണ്."

അവളുടെ നിലവിളി ചീവീടുകളുടെ ശബ്ദത്തിൽ അലിഞ്ഞുപോയപോലെ തോന്നി. അയാളാകട്ടെ തന്റെ അടുത്ത ഇരക്കായി കാത്തിരുന്നു.
അമാവാസി പുലരാൻ ഇനിയും സമയമുണ്ട്...

Tuesday, June 7, 2016

പ്രണയം സഫലമാവുമ്പോൾ

      


       ശിവാനി   കൊളുത്തി വെച്ച മെഴുകുതിരിനാളം അവർക്കിടയിലെ ഇരുട്ടിനെ മെല്ലെ അകറ്റി. തനിക്കപ്പുറമിരിക്കുന്ന അവളെ ആദ്യം കാണുന്ന പോലെ തോന്നി അയാൾക്ക്‌ . "നീ ഇന്നും വരുമെന്ന് ഞാൻ കരുതിയില്ല" .
അവൾ സമ്മാനിച്ച വെളുത്ത റോസാപ്പൂക്കളിൽ തെരുപ്പിടിപ്പിച്ചു കൊണ്ട്    ജോൺ പറഞ്ഞു. കാറ്റ് നിലാവെളിച്ചത്തിൽ  മായ്ച്ചും തെളിച്ചും വരയ്ക്കുന്ന  നിഴൽചിത്രങ്ങൾ നോക്കിയിരുന്ന അവൾ അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

 "ഞാൻ പലതവണ പറഞ്ഞതല്ലേ ഇതൊന്നും വേണ്ട എന്ന്."

"എന്നെ കാണാതിരിക്കാൻ നിനക്ക് പറ്റുമോ?"

 ചുണ്ടിലെ ചിരി മായാതെ തന്നെ അവൾ അവനോടു ചോദിച്ചു. അയാൾ അതിന് മറുപടി പറഞ്ഞില്ല.
 
   ശരിയാണ്, ഓരോ പകലുകളും രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇരുളിൻറെ കുടചൂടി തന്നെ കാണാൻ അവൾ എത്തുമെന്ന പ്രതീക്ഷ, അതാണ്‌ പുഴുക്കൾ നുരക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈ ലോകത്തിൽ തന്നെ പിടിച്ചുനിർത്തുന്നത്. 

"എന്നെ ഇനിയെങ്കിലും നിന്റെ കൂടെ വരാൻ അനുവദിച്ചുകൂടെ? " 

എല്ലാദിവസവും അവൾ അവനോടു ചോദിക്കുന്ന ചോദ്യം അന്നും ആവർത്തിച്ചു. വേണ്ട അങ്ങനെ ഒരുശാപം തനിക്കുപേറാൻ വയ്യ. "അല്ലെങ്കിൽ വേണ്ട " പതിവിനു വിപരീതമായി അവൾ തന്നെ ഉത്തരം പറഞ്ഞു.
"നിനക്ക് ഞാൻതന്ന അല്ല നീ എന്നോട് പിടിച്ചുവാങ്ങിയ വാക്ക്. അതാണെല്ലോ എല്ലാത്തിനും കാരണം. "
 
അവർക്കിടയിലെ മെഴുകുതിരിനാളം കാറ്റിനോട് പൊരുതി അല്പം കൂടി ആയുസുനീട്ടിയെടുത്തു.

"ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്നറിയാമോ?"  ദുർബലമായ തിരിനാളത്തിൽ കണ്ണുറപ്പിച്ചുകൊണ്ടാണ് ശിവാനി ചോദിച്ചത്.
ജോൺ മറുപടിയൊന്നും പറയാതെ അവളെ നോക്കി. " എല്ലാവരും ഉള്ളപ്പോൾ നമ്മൾ മാത്രം, ഞാൻ മാത്രമായി   പോവുന്നത്. മരണം അപ്പോൾ ഒരു രക്ഷപ്പെടലാണ്. ശരീരത്തിന്റെ ഭാരങ്ങൾ ഒരുമിച്ചിറക്കി വെച്ചുകൊണ്ടുള്ള ആത്മാവിന്റെ രക്ഷപ്പെടൽ. ഭൂമിയിൽ ബാക്കിവെക്കുന്നവർക്ക് ഒരുപക്ഷെ അത് മനസിലാവെണമെന്നില്ല ".  

അവസാന വാചകം തനിക്ക് നേരെയാണ്. ഭൂമിയിൽ ബാക്കിവെച്ചവൻ താനാണല്ലോ. നിലാവും മങ്ങിയ മെഴുകുതിരിവെട്ടവും ചേർന്ന മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖഭാവം ജോണിന് മനസ്സിലായില്ല. മെഴുകുതിരിനാളമാവട്ടെ അവരുടെ നിഴലുകളെയെങ്കിലും ഒരുമിപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അതിനെ സഹായിക്കനാണോ അതോ തടയാനാണോ കാറ്റ് തിരിനാളത്തെ വീണ്ടും വീണ്ടും ഉലച്ചു. തെല്ലുനേരത്തെ മൗനത്തിനുശേഷം ശിവാനി തുടർന്നു.  

"ഭാരങ്ങളെല്ലാം അഗ്നിയിലെരിഞ്ഞില്ലണ്ടാവുമ്പോൾ ആർക്കും അവകാശം സ്ഥാപിക്കാനില്ലാത്ത ആത്മാവാകും  ഞാനും. ജാതിയും തറവാടുമഹിമയും  എഴുതിയൊട്ടിച്ച ശരീരം അപ്പോൾ വെറും ചാരമാവും. എന്റെതെന്നോ, എനിക്കുവേണ്ടി അഗ്നിയെ വരിച്ച മാവിന്റെതെന്നോ തിരിച്ചറിയാനാകാത്ത ചാരം, അതിൽകുറച്ച്   മാലിന്യങ്ങൾ വഹിച്ചൊഴുകുന്ന ഏതെങ്കിലും പുഴയിലലിയും, ശേഷിച്ചത് വെറും ധൂളിയായി മണ്ണിലും വായുവിലും കലരും.
അതിനെവിടെയാകും ജാതിയും മതവും . അപ്പോൾ ഞാൻ നിന്നെ വിളിക്കും.നമുക്കൊരുമിച്ചു ഭാരങ്ങളെല്ലാം ഒഴിവാക്കി അപ്പൂപ്പൻതാടിപോലെ വെളുത്ത മേഘക്കീറിനിടയിലൂടെ  പറന്ന് പറന്ന് ദൂരേക്ക്‌ പോവണം." 

അവളുടെ കുഴിഞ്ഞ കണ്ണുകളിലെ തിളക്കം അയാളെ അമ്പരപ്പെടുത്തി. ഇവൾക്കെന്താണ് പറ്റിയത്.മരണം ഇവൾക്ക് പ്രിയ്യപ്പെട്ടതായിരിക്കുന്നുവോ ?

"ഭ്രാന്തിപ്പെണ്ണിന്റെ വെറും തോന്നലുകളായി തള്ളികളയണ്ട"

ഇത്തവണ അവൾ മനോഹരമായി പുഞ്ചിരിക്കുന്നത് ജോൺ അതിശയത്തോടെ നോക്കി. ഇവൾ തന്റെ മനസ്സുകൂടി വായിച്ചെടുക്കുന്നു.

"ഭ്രാന്താശുപത്രിയിലെ അടച്ചിട്ടമുറികളിൽ, സിരകളിലൂടെ അനുവാദം ചോദിക്കാതെ ഓരോതവണയും വൈദ്യുതി പ്രവഹിക്കുമ്പോൾ, മൊഴിയും മനസ്സും മരുന്നുകൾ കവർന്നെടുത്തപ്പോൾ ഞാൻ മനസ്സിലാക്കിയാതാണത്.ഇനി ഞാൻ പറയുന്നതെല്ലാം ഭ്രാന്തിയുടെ വെറും ജൽപ്പനങ്ങൾ മാത്രമാണെന്ന്."  
അവനൊന്നും പറയാനുണ്ടായിരുന്നില്ല. 

'എല്ലാത്തിനും കാരണം താൻ  തന്നെയാണ്. തനിക്കുവേണ്ടി കെട്ടിയാടുന്നതാണീ ഭ്രാന്തിവേഷം.   അവൾ പറയുന്നതും ശരിയാണ്. അവൾക്കുവേണ്ടി മാത്രമാണ് താൻ കാത്തിരിക്കുന്നത്. ഓരോ പുലരിയിലും രാത്രിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌. പകലിനെ ശപിച്ചു ഒന്നനങ്ങാൻ പോലും വയ്യാതെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. പകൽ കണ്ണടക്കുമ്പോൾ തടവറകൾ ഭേദിച്ച്,കാവൽക്കണ്ണുകളെ  കബളിപ്പിച്ച്  തനിക്കുവേണ്ടി മാത്രം അവൾ വരുമെന്നറിഞ്ഞുകൊണ്ടുള്ള  കാത്തിരിപ്പ് .അവൾ വന്നുകഴിഞ്ഞാൽ രാത്രിപുലരരുതെ എന്ന പ്രാർത്ഥന. എന്നിട്ടും അവളെ വിലക്കുന്നതെന്തിനാണ്? താൻ കാരണം അവൾ നശിക്കരുതെന്നതുകൊണ്ടാണോ? അറിയില്ല , പക്ഷെ അവളില്ലാതെ ...'

അയാൾ അവളുടെ നീലഞ്ഞരമ്പുകൾ തെളിഞ്ഞ മെല്ലിച്ച വലം കൈയിൽ വിരൽ ചേർത്തു. കൈത്തണ്ടയിലെ ചുവന്ന ചരടിൽ വിരൽ തടഞ്ഞപ്പോൾ അയാൾ ചോദ്യഭാവേന അവളെ നോക്കി.

 "ഇതോ, ഇത് ചോറ്റാനിക്കരയിൽ പൂജിച്ചതാ, ഈ നസ്രാണി ചെറുക്കന്റെ ബാധ ഒഴിഞ്ഞുപോവാൻ മുത്തശ്ശി കണ്ട വഴി. " 

ഇത്തവണ അവളുടെ കണ്ണുകളിൽ പഴയ കുസൃതി നിറയുന്നത് ജോൺ കണ്ടു. അയാൾ ആ ചരടിൽ മെല്ലെ തലോടി.  'പ്രണയത്തെ തകർക്കാൻ ദൈവത്തിന് കൈക്കൂലി. പക്ഷെ ദൈവം പ്രണയിക്കുന്നവരെ വേർപെടുത്തുമോ?'
നിലാവ് മെല്ലെ അസ്തമിക്കാൻ തുടങ്ങി. എന്തിനാണ് സമയം ഇത്രപെട്ടെന്നു പോകുന്നത്. അവൾ മെല്ലെ എണീറ്റു. അവളുടെ നീണ്ട നിഴൽ മെഴുകുതിരിവെളിച്ചത്തിൽ ഒതുങ്ങാൻ പ്രയാസപ്പെട്ടു.

"ഒരു സന്തോഷവാർത്തയുണ്ട്  ". അയാൾക്ക്‌ മനസ്സിലായില്ല. 

" ഇന്നലെയാണ് മെഡിക്കൽ റിപ്പോർട്ട്‌ വന്നത്.എന്റെ വേദന എന്റെ മാത്രമായതിനാൽ ആരും അറിയാതെ പോയി. ഇനിയാർക്കും ഒന്നും ചെയ്യനില്ല, മരണത്തിനല്ലാതെ. എന്നോട് കനിവ് തോന്നിയിട്ടാവാം ഞാൻ വിളിക്കാതെ തന്നെ അവൻ എന്നെ തേടി വന്നത്,ഏതു നിമിഷവും ഞാൻ അവനു സ്വന്തമാവാം."

അയാളുടെ മറുപടി കാക്കാതെ  നീണ്ടുവളർന്ന പോതപ്പുല്ലുകൽക്കിടയിലൂടെ അവൾ മുന്നോട്ട് നടന്നു. സെമിത്തേരിയുടെ കൂറ്റൻ ഗേറ്റ് കടക്കുമ്പോൾ അവൾ കൊളുത്തിവെച്ച മെഴുകുതിരി ഉരുകി തീരാറായിരുന്നു. ജോണിന് സമ്മാനിച്ച വെളുത്ത റോസാപ്പൂക്കൾ അരണ്ട വെളിച്ചത്തിൽ  വള്ളിച്ചെടികൾ പടർന്നു കയറിതുടങ്ങിയിരുന്ന കല്ലറക്ക് മുകളിലിരിക്കുന്നത് തിരിഞ്ഞുനോക്കിയപ്പോൾ അവൾ കണ്ടു. അണയാൻ ഒരുങ്ങിനിൽക്കുന്ന വെളിച്ചത്തിൽ മാർബിൾ കല്ലിൽ കൊത്തിയ പേര് അവൾക്ക് വ്യക്തമായിരുന്നു.
John  Kuruvila
Born on: 12/10/1988
Died on:25/05/2014

Tuesday, April 12, 2016

ഇരുട്ടും നിഴലും

ഞാൻ ഇവിടെ എൻ നിഴലിനെ തിരയുന്നു.
 കാരണം ഞാൻ ഇരുട്ടിലാണ്.
 വെളിച്ചത്തിൽ എനിക്കുമുൻപേ നടന്ന ആരെയും ഞാൻ ഇരുട്ടിൽ കണ്ടില്ല. അതുവരെ എനിക്കു  പിന്നിൽ നടന്ന നിഴലോ? ,
പിന്നിൽ അവനെയും കണ്ടില്ല.
മുൻപിലൊ?
  എനിക്കു മുൻപിൽ നീണ്ടുകിടന്ന ഇരുട്ട് ,
 അതെൻറെ നിഴലായിരുന്നു .
 എനിക്കു മുന്നേ വെളിച്ചം തേടി എൻ നിഴൽ മുൻപേ  നടക്കുന്നു.
ഞാൻ പിന്നാലെയും.

Sunday, December 6, 2015

അവൾ



നീരുവന്നു വീർത്ത കണ്‍പോളകൾ ശ്രമപ്പെട്ട്‌ തുറന്ന് അവൾ ചുറ്റും നോക്കി.എന്തോ പറയാൻ എന്നവണ്ണം ചതഞ്ഞു നുറുങ്ങിയ ചുണ്ടുകൾ വിടർത്തി. വേദനയുടെ പാരവശ്യം അവളുടെ ശ്രമത്തെ വിഫലമാക്കി. മരുന്നിന്റെ ആലസ്യത്തിൽ മയക്കത്തിലേക്കു മടങ്ങിപ്പോയ അവളുടെ കണ്ണുകളെ ഏതോ ദുസ്വപ്നം തിരികെ വിളിച്ചു .വെറിപിടിച്ച വേട്ട മൃഗം അത് തന്നെ കടിച്ചു കീറുന്നു, ചവിട്ടി മെതിക്കുന്നു, സർവ്വശക്തിയുമെടുത്ത്‌ കുതറിമാറാൻ ശ്രമിക്കുമ്പോൾ അത് വീണ്ടും പിടിമുറുക്കുന്നു.മനസ്സിന്റെ ഭയം, അത് മറ്റെന്തിനേക്കാളും അസഹ്യമാണ്.  ശരീരത്തിന്റെ  സകലവേദനകളും മറന്ന് അവൾ കണ്ണുകൾ വലിച്ചു തുറന്നു.വീർത്ത കണ്‍പോളകൾക്കിടയിലൂടെ താഴേക്കൂർന്ന  കണ്ണ്നീരിന്റെ ചെറിയൊരു ചാൽ അവളുടെ  മുറിഞ്ഞ കവിൾത്തടങ്ങൾ നനച്ച് മുടിയിഴകൾക്കുള്ളിൽ അപ്രത്യക്ഷമായി.  കരഞ്ഞു തളർന്ന മുഖവുമായി തന്റെ കിടക്കകരികിൽ നിന്ന അമ്മയെ കണ്ണീരിന്റെ മതിൽക്കെട്ടിന്നുള്ളിൽ നിന്നവൾ കണ്ടു, അതിനുമപ്പുറം അച്ഛൻ നില്പ്പുണ്ടായിരുന്നു.
പീഡനക്കേസിലെ പെണ്‍കുട്ടി കണ്ണ് തുറന്നത് വാർത്താ ദാല്ലാളന്മാർ മത്സരിച്ച് ആഘോഴിച്ചു. അതോടെ പേരും വിലാസവും നഷ്ടപ്പെട്ട പീഡനക്കേസിലെ പെണ്‍ക്കുട്ടി മാത്രമായി അവൾ. വെളിച്ചത്തെ ഭയന്ന് ഇരുട്ടുമുറിയിൽ കഴിയാൻ വിധിക്കപ്പെട്ട ജന്മമായി അവൾ സ്വയം മാറി. മൊഴിയെടുപ്പും മെഡിക്കൽ ചെക്കപ്പും വാർത്തകളും അവക്കെല്ലാം മുൻപിൽ ജീവനുള്ള ശരീരവും മരിച്ച മനസ്സുമായി അവൾ നിന്നുകൊടുത്തു. കാലം മുറിവുകൾ മായ്ക്കാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം പക്ഷെ വാർത്തകൾ മായ്ക്കാൻ വെറും ദിവസങ്ങളോ മണിക്കൂറകളോ മാത്രം മതി. അവൾ പുതിയ വാർത്തകൾക്ക് പിന്നിൽ പഴകിപ്പോയി. കണ്ണുനീരിന്റെ കഥകൾ മാഞ്ഞുപോയപ്പോൾ അവളും ചില പരാതികടലാസിലായി. കെട്ടികിടക്കുന്ന അനേകായിരം കേസ് ഫയിലുകളിൽ ഒന്നായി അവളുടെ പേര് ഊഴം കാത്തുകിടന്നു. ഇരുൾമൂടിയ മുറിയിൽ  പ്രതീക്ഷകൾ നഷ്ടപ്പെട്ട് ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങി  അവളും.
                ഇരുൾ മുറിയിൽ പഴന്തുണി പോലെ അവൾ ചുരുണ്ടുകൂടി. വെളിച്ചം അവൾ മനപ്പൂർവ്വം ഒഴിച്ച് നിർത്തിയതായിരുന്നു. വെളിച്ചത്തിൽ തെളിയുന്ന നിഴലുകളെ പോലും അവൾ ഭയപ്പെട്ടിരുന്നു.  അതിനപ്പുറം ഇപ്പോഴും കേൾക്കുന്ന കുറ്റപെടുത്തലുകളുടെ  ശബ്ദം അമ്മയുടെയും അച്ഛന്റെയും ആണെന്നത് ഇപ്പോൾ അവളെ വേദനിപ്പിക്കാറില്ലായിരുന്നു. മരിച്ച മനസ്സിന് വേദനകളില്ലെന്നു അവൾ സ്വയം വിശ്വസിച്ചു. എല്ലാം അവസാനിച്ചെന്നു കരുതി ഇരിക്കുമ്പോഴാണ് അവൾ അയാളുടെ ശബ്ദം വീണ്ടും കേൾക്കുന്നത്. മരിച്ച മനസിൽ വീണ്ടും ഭയം ഉളവാകുന്നത് അവൾ തിരിച്ചറിഞ്ഞു. തന്നിലേക്ക് തന്നെ ഒളിക്കാൻ ശ്രമിച്ച് അവൾ ഇരുട്ടിലേക്ക് കൂടുതൽ കടന്നിരുന്നു. അയാളുടെ ശബ്ദം പക്ഷെ തന്നെ പിന്തുടർന്ന് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അതിനുമപ്പുറം മറ്റാരുടെയൊക്കെയോ ശബ്ദം. അവൾ ചെവി രണ്ടും പൊത്തി ശബ്ദത്തെ തുരത്താൻ ശ്രമിച്ചു. താൻ ഇരുട്ടുകൊണ്ടലങ്കരിച്ച മുറിയെ വെളിച്ചം കൊണ്ട് അലങ്കോലമാക്കി വാതിലുകൾ തുറന്ന് ആരൊക്കെയോ അകത്തേക്ക് വരുന്നത് അവൾ കണ്ടു.
അകത്തേക്ക് വന്നത്  ഒരു സ്ത്രീ ആയിരുന്നു. അവർ തന്റെ അടുത്തേക്ക് വരുന്നത് അവൾ ഭയത്തോടെ നോക്കി. അവരുടെ ചിരിച്ച മുഖം അവളുടെ അപരിചിതത്വം മാറ്റിയില്ല. അവർ മെല്ലെ അവളുടെ കവിളിൽ തൊട്ടു. എന്റെ മോൾ വല്ലാതെ ക്ഷീണിച്ചു പോയി”. അവരുടെ സ്നേഹപൂർവ്വമായ പെരുമാറ്റം അവളിൽ അസ്വസ്ഥത ഉണ്ടാക്കി. "സാരമില്ല ഇനി എല്ലാം ശരിയായിക്കോളും. മോളെ ഞാൻ നോക്കികോളാം." അവർ വീണ്ടും ചിരിച്ചു. അവൾക്ക് വല്ലായ്മ തോന്നി. "ഇങ്ങു വാ മോനെ , നീയെന്താ അവിടെനില്ക്കുന്നത്" . വാതിലിന് പിന്നിൽ അയാളുടെ മുഖം അവൾ കണ്ടത് അപ്പോഴാണ്‌. പെരുവിരൽ മുതൽ ഒരു വല്ലാത്ത ഭയം ഇരച്ചു കയറുന്നത് അവൾ അറിഞ്ഞു. അവൾ പിന്നോട്ട് നീങ്ങാൻ വഴിയില്ലാതെ ഭിത്തിയിൽ തടഞ്ഞു നിന്നു. അച്ഛനെയും അമ്മയേയും വിളിക്കണമെന്ന് അവൾക്കുണ്ടായിരുന്നു. പക്ഷെ ശബ്ദം തൊണ്ടയിൽ തടഞ്ഞു നില്ക്കുന്നു.
"ഇനി നീയെന്തിനാ അവിടെ നിക്കുന്നത്.  ഇവള് നീ കെട്ടാൻ പോണ പെണ്ണല്ലേ." അവൾ ഞെട്ടിപ്പോയി. കെട്ടാൻ പോകുന്നതോ? അവൾ വിശ്വാസം വരാതെ അവരെ നോക്കി. "മോളെന്താ ഇങ്ങനെ നോക്കുന്നത്. എന്നെ മനസ്സിലായില്ലേ?, ഞാൻ ഇവന്റെ അമ്മയാ,ഇനിയിപ്പോൾ മോളുടെയും.  അടുത്താഴ്ച നിങ്ങളുടെ കല്യാണമല്ലേ." അവൾ അവരെ ഒന്നുകൂടി നോക്കി. ജീവിതത്തിൽ ഇനി ഒരിക്കൽ കൂടി കണ്ടാൽ ഇയാളെ കൊല്ലണമെന്നായിരുന്നു.പക്ഷെ...
"മോളെന്താ ആലോചിക്കുന്നത്   അവനൊരു അബദ്ധം പറ്റിയതാ, മോള് ക്ഷമിക്ക് എന്തായാലും അവൻ നിന്നെ കെട്ടാൻ പോവല്ലേ. "  അവൾ അയാളെ ഒന്നുകൂടി നോക്കി. അയാളുടെ മുഖത്ത് അപ്പോഴും അതേ ഭാവമായിരുന്നു, പതിയിയിരുന്നു വേട്ടയാടുന്ന ക്രൂര മൃഗത്തിന്റെ മുഖം. അവളുടെ മനസ്സിൽ പക്ഷെ ഭയത്തിനുമപ്പുറം ഒരു തരം വെറുപ്പാണ് ഉണ്ടായത്. വല്ലാത്തോരാവേശത്തിൽ അയാളുടെ നേരെ പാഞ്ഞടുക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛന്റെ ശബ്ദം അവൾ കേട്ടത്. "ഞങ്ങൾ അതുറപ്പിച്ചു" . എല്ലാം നഷ്ടപെട്ടപോലെ അവൾ തകർന്നു പോയി. തന്റെ അച്ഛൻ ,തന്നെ മനസ്സിലാക്കേണ്ട അച്ഛൻ ഒന്നും മിണ്ടാനില്ലാതെ അവൾ ഭിത്തിയിലേക്ക് തന്നെ ചാരി നിന്നു. അയാളെ ഒന്നുകൂടി നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു അവൾക്ക് . "മോളെ പിന്നെ ആ കേസിന്റെ കാര്യം, ഇനിയിപ്പോൾ അതിന്റെ ആവശ്യം ഉണ്ടോ?", അവർ വീണ്ടും അവളുടെ കവിളിൽ തലോടാനാഞ്ഞു.അവൾ അറപ്പോടെ മുഖം മാറ്റി. അവരുടെ വരവിന്റെ ഉദ്ദേശം അവൾക്കു മനസ്സിലായി. അവളെ ഒന്നുകൂടി നോക്കിയിട്ട് അവർ മുറിവിട്ടിറങ്ങി. അവൾ തലകുനിച്ചു തന്നെ നിന്നു. എങ്കിലും അയാളുടെ മുഖത്തെ ഭാവം അവൾ ഊഹിച്ചു. അവർ പോയ ഉടനെ അച്ഛനും അമ്മയും മുറിയിലേക്ക് വന്നു. "ദൈവമായിട്ട് കൊണ്ടുവന്ന ആലോചനയാ, ഇനി ഇതിന് നീ തടസം പറയാതിരുന്നാ മതി." അമ്മയാണ് അത് പറഞ്ഞത്. അവൾ കരഞ്ഞുപോയി. "ഞാൻ കല്യാണം കഴിക്കാനോ? അയാളാണ് എല്ലാത്തിനും കാരണം.എന്നെ ഇങ്ങനെ ആക്കിയത് അയാളാണ്.എന്നിട്ടും  ഞാൻ അയാളെ കല്യാണം കഴിക്കണോ? അച്ഛന് എങ്ങനെ പറയാൻ തോന്നി ഇത്. "

" മാനം കേട്ട് ജീവിക്കാൻ എനിക്കിനി വയ്യ, അതിനു ഇതേ ഉള്ളു ഒരു പോംവഴി .ബുധനാഴ്ച കോടതിയിൽ കേസ് വിളിക്കും. നീ ഞാൻ പറയുന്ന പോലെ കോടതിയിൽ പറയും. അങ്ങനയെ പറയാവു " . അച്ഛന്റെ സ്വരത്തിലെ ഭീക്ഷണി അവൾ മനസിലാക്കി. ജീവിതം അവിടെ അവസാനിച്ചെങ്കിലെന്ന് അവൾ കൊതിച്ചു. മരിക്കാൻ പോലുമാകാതെ ജീവിക്കാൻ അവൾ നിർബന്ധിതയായി. തന്റെ മുറിയിലെ ഇരുട്ടിലേക്ക് അവൾ തിരിച്ചുപോയി. അവൾക്കു തന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി. ശരീരത്തിന്റെ മാനം നഷ്ടമായി, ഇപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന അഭിമാനം അതും. മുറ്റത്തൊരു വാഹനം വന്നു നില്ക്കുന്നത് കേട്ടിട്ടും അവൾ അനങ്ങിയില്ല. അതയാളകുമെന്നു അവൾ കരുതി. ഇപ്പോൾ അയാൾ അവിടെ സ്ഥിരം സന്ദർശകനാണ്. അവൾ അപ്പോഴെല്ലാം ഇരുളിൽ തന്നെ ഒളിച്ചിരിക്കാറായിരുന്നു പതിവ്.

ഇടയ്ക്ക് അച്ഛന്റെ ശബ്ദം പതിവിലുമധികം ഉയർന്നപ്പോൾ അവൾ പതിയെ ചെവിയോർത്തു. വന്നത് അയാൾ അല്ലെന്നു മനസ്സിലായി. പിന്നെ അതാരാണ്.
"ഇനി ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങൾക്കൊരു പരാതിയുമില്ല എന്റെ മോളെ ആരും നശിപ്പിചിട്ടുമില്ല." അച്ഛന്റെ സ്വരം അവൾ വ്യക്തമായി കേട്ടു. "ഞങ്ങളുടെ മോളുടെ കല്യാണമാണ്, ഇനി നിങ്ങളായിട്ട് അത് മുടക്കരുത്."
"എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്ന് ഒരു ആഗ്രഹവുമില്ല,ഒരു പോലീസ് ഇൻസ്പെക്ടർ എന്ന നിലയിൽ ഞാൻ എന്റെ ജോലി ചെയ്യുന്നു.  ആ പാവം പെണ്‍കുട്ടിയുടെ അവസ്ഥ ഓർത്തെങ്കിലും, അവളോട്‌ ഇങ്ങനെ ഒരുതെറ്റുചെയ്ത അയാൾക്ക്‌ ശിക്ഷവാങ്ങി കൊടുക്കേണ്ടത് നിങ്ങളുടെ കടമയല്ലേ, ?" "ഇത്രയൊക്കെ ആയിട്ടും അവളെ വിവാഹം കഴിക്കാമെന്ന് അവര് സമ്മതിചിട്ടുണ്ട്, അതുകൊണ്ട് ഇനിയിപ്പോൾ കേസിന്റെ ആവശ്യമെന്താ? അവൻ അവളെ വിവാഹം കഴിച്ചോളും. "

"അവനോ, നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ അവനെപ്പോലോരുത്തനെകൊണ്ട് ആ പാവം പെണ്ണിനെ കെട്ടിക്കാനോ? " ഇൻസ്പെക്ടറുടെ ശബ്ദം കനക്കുന്നത് അവൾ കേട്ടു.

"പിന്നെ ഞങ്ങൾ എന്ത് ചെയ്യണം? ഇതാവുമ്പോൾ അല്പം അഭിമാനമെങ്കിലും ബാക്കി കിട്ടും, ഒന്നുമില്ലെങ്കിലും അവൻ തന്നെയല്ലേ." അച്ഛന്റെ ശബ്ദത്തിലെ നിസ്സഹായത അവളെ പതിവുപോലെ വേദനപ്പിച്ചില്ല.

"നിങ്ങൾക്കെന്തറിയാം , ജയിലിൽ ആകുമെന്ന് ഉറപ്പായപ്പോൾ അവൻ കണ്ടെത്തിയ വഴിയാണിത്, അല്ലാതെ നിങ്ങളുടെ മകളോടുള്ള സ്നേഹം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒന്നുമല്ല "

"ഞങ്ങൾക്ക് പരാതിയില്ലെന്ന് പറഞ്ഞില്ലേ, ഇനി ഈ പേരും പറഞ്ഞ്‌ ആരും വരണ്ട  "  അച്ഛന്റെ ശബ്ദം അവൾ പിന്നെയും കേട്ടു.

"എനിക്കെന്ത് നഷ്ടം, ഇന്നാണ് കോടതിയിൽ മോഴികൊടുക്കേണ്ടത് .ഇതൊന്ന് വന്നു കോടതിയിൽ പറയാൻ മോളോട് പറഞ്ഞാൽ എന്റെ ജോലി തീർന്നു. അവളെ വിളിക്ക് " അപ്പോൾ ഇന്നാണ് താൻ കോടതിയിൽ ചെല്ലേണ്ട ദിവസം.അവൾ പതിയെ തന്റെ ഇരുട്ടുമുറിയുടെ വാതിലിൽ വന്നു നിന്നു.
കുട്ടിക്ക് ഈ കല്യാണത്തിന് സമ്മതമാണോ? അയാൾ വിശ്വാസം വരാതെ അവളോട്‌ തിരക്കി. മറുപടി ഇല്ലാതെ അവൾ നിർജീവമായ കണ്ണുകൾ കൊണ്ട് അയാളെ തന്നെ നോക്കി . അതിൽ അവളുടെ മറുപടി അയാൾ കണ്ടു.
 "ഇന്ന് കോടതിയിൽ എത്തണം, കുട്ടിയെ കൊണ്ടുപോകാൻ വന്നതാണ് ഞാൻ "

 "വേണ്ട അവളെ ഞാൻ കൊണ്ടുവന്നോളാം"

അച്ഛൻ അയാളെ തടഞ്ഞു. "ശരി നിങ്ങളുടെ ഇഷ്ടം." അയാൾ പോകാനിറങ്ങി.

"എനിക്കൊരു സംശയം, ഇതിലും ഭേദം ആ കൊച്ചിനെ കൊന്നുകളഞ്ഞൂടെ. നിങ്ങളുടെ മകളെ ഒരു പട്ടി കടിച്ചാൽ അവളെ അതിനു കെട്ടിച്ചു കൊടുക്കുമോ?, ഒരു പാമ്പാണെങ്കിൽ ജീവിതകാലം മുഴുവൻ അതിന്റെ കൂടെ കിടക്കാൻ വിടുമോ?
ഒന്നുകൂടി തിരിഞ്ഞുനോക്കി കൊണ്ടായിരുന്നു അയാളുടെ ചോദ്യം. "ഈ കല്യാണം കൊണ്ട് നിങ്ങളുടെ ഏത് സൽപ്പേരാണ്  തിരിച്ചു കിട്ടുന്നത് .അഭിമാനം ശരീരത്തിലല്ല മനസ്സിലാ, ഇങ്ങനെ ഒരുത്തന് മകളെ കെട്ടിച്ച് കൊടുത്താൽ രണ്ടു ദിവസത്തിനുള്ളിൽ അവനീ പെങ്കൊച്ചിനെ വിൽക്കും അല്ലെങ്കിൽ കൊല്ലും എന്നുള്ളതിന് സംശയമില്ല. അപ്പോൾ തന്റെ അഭിമാനം തിരിച്ചുവരുമോ? തെറ്റ് ചെയ്തത് അവനാണ് അല്ലാതെ തന്റെ മകളല്ല , ശിക്ഷയും അയാൾക്കായിരിക്കണം  " അച്ഛന്റെ മുഖം താഴുന്നത് അവൾ കണ്ടു.
"ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം . കോടതിയിൽ വന്നു എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് പറയാം. "
 അയാൾ വെളിയിലേക്കിറങ്ങി.
"സർ , ഞാനുമുണ്ട് " അവൾ പെട്ടെന്ന് മുന്നോട്ട്‌ നടന്നു. മുറിയിലെ ഇരുട്ടിൽ നിന്ന് ഒരുപാട് നാളുകൾക്കു ശേഷം അവൾ വെളിയിലേക്ക് വന്നു. പുറം ലോകത്തിന്റെ വെളിച്ചം വീണ്ടും അവളുടെ ശരീരത്തിന് നിഴലുകൾ സൃഷ്ടിച്ചു . ഇത്തവണ അതവളെ ഭയപ്പെടുത്തിയില്ല ,മറിച്ച്  അവളുടെ കൂടെ അതും ചേർന്ന് നടന്നു.
"നീ എവിടെക്കാ ? "

അച്ഛന്റെ ചോദ്യം പൂർത്തിയാകും മുന്നേ അവൾ പറഞ്ഞു, "ഞാൻ കോടതിയിലെക്കാ, ഇനിയാർക്കും എന്റെ ഗതി വരരുത്. പോകാം സർ  "
 അവൾ ഇൻസ്പെക്ടറോട്  പറഞ്ഞു. അയാൾ അവൾക്കായി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു. അവളുടെ കണ്ണിൽ അപ്പോൾ ഉണ്ടായിരുന്നത് നിരാശയുടെ ഇരുട്ടല്ലായിരുന്നു ,മറിച്ച് പ്രതികാരത്തിന്റെ കനലായിരുന്നു. ആ കനൽ വെളിച്ചം അവളുടെ ഉള്ളിലുണ്ടായിരുന്ന നഷ്ട ബോധത്തിന്റെ ഇരുട്ടിനെ അകറ്റി ഒരു വല്ലാത്ത പ്രകാശം മുഖത്ത് വരുത്തുന്നത് അയാൾ കണ്ടു.  


Sunday, November 1, 2015


പരിവർത്തനം 


പഴകി മുഷിഞ്ഞ സാരിത്തുമ്പിൽ പൊതിഞ്ഞു കൊണ്ടുവന്ന പുതിയ നോട്ടുകെട്ടുകൾ ആശുപത്രി  കൗണ്ടെറിൽ ഏല്പിച്ചു ഐ സി യു വിന് നേരെ ഓടുമ്പോൾ ഒരാശ്വാസത്തിന് എന്നവണ്ണം കഴുത്തിലെ ജപാമാലയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ  അഞ്ചുലക്ഷം രൂപയ്ക്ക് പകരം ലഭിച്ച രുദ്രാഷ മാലയിലാണ്‌ കൈയുടക്കിയത്. എങ്കിലും മനസ്സുരുകി അവൾ പ്രാർഥിച്ചു, കർത്താവേ എന്റെ കുഞ്ഞിനെ കാത്തോളണേ. കുഞ്ഞിന്റെ ജീവന്റെ വിലക്ക് പകരമായി നെറ്റിയിൽ ചാർത്തിയ ചന്ദനത്തിന് മുകളിലൂടെ കുരിശുവരക്കുമ്പോൾ അന്ന്  രാവിലെ മുതൽ താൻ ഹിന്ദു ആണെന്ന കാര്യം  അവൾ ഓർത്തതേ ഇല്ല

മുങ്ങി നിവർന്നു കരയ്ക്ക്‌ കയറുമ്പോൾ നനഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വെള്ളത്തിനൊപ്പം വിഷം കൂടി കലർന്നൊഴുകുന്നത് അയാൾ നിർവികാരതയോടെ നോക്കിനിന്നു
ചുറ്റും ഉയരുന്ന സ്തോത്രങ്ങൾക്കൊപ്പം കൈയിൽകിട്ടിയ പണപ്പൊതിയും നിസ്കാരതഴമ്പുള്ള നെറ്റിയിൽ വരച്ച കുരിശടയാളവുമായി  തിരിഞ്ഞുനടക്കുമ്പോഴാണ് പളളിയിൽനിന്നും ബാങ്ക് വിളി ഉയരുന്നത്. ചിരപരിചിതമായതിനാലാവാം അയാൾ  ദുആ ഇരന്നു , അള്ളാ അവസാനത്തെ പിടിവള്ളിയാണ്, കൈ വിടരുതേ.
അയാളുടെ നനഞ്ഞ പോക്കെറ്റിൽ നിന്നും അപ്പോഴും വിഷം പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു.

പുതുപ്പെണ്ണിന്റെ മോടിയിൽ മറ്റുള്ളവർക്ക് മുൻപിൽ ഒരു കാഴ്ച വസ്തുവായി അവൾ ഇരുന്നുകൊടുത്തു . പരിചയമില്ലാത്തതുകൊണ്ടാവം തലയിൽ ഇട്ടിരുന്ന തട്ടം ഇടയ്ക്കിടെ അനുസരണക്കേട്‌ കാട്ടി താഴേക്കൂർന്നു. ആരുടെയൊക്കെയോ കൂർത്ത നോട്ടം ഭയന്ന് വീണ്ടും വീണ്ടും വലിച്ചിടുമ്പോൾ പേടിമാറ്റാനായി അവൾ ചുണ്ടനക്കാതെ ജപിച്ചുകോണ്ടിരുന്നു, "അർജുന, ഫൽഗുണ......"

ആരുടെയൊക്കെയോ വിശ്വാസങ്ങൾ ആരോ തീർത്ത മതങ്ങൾ അതിനെല്ലാം അപ്പുറം അവരുടെ പ്രാർത്ഥന കേൾക്കാൻ മതമില്ലാത്ത ദൈവവും...